ദുരന്ത മുഖത്ത് രക്ഷാപ്രവർത്തകനായി
ബെയ്‌ലി പാലം പൂർത്തിയായതോടെ ദുരന്ത മുഖത്ത് തിരച്ചിൽ കൂടുതൽ ഊർജിതമായി. സേനവിഭാഗങ്ങൾക്കൊപ്പം പ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകി രാവിലെ മുതൽ ദുരന്ത ഭൂമിയിലെത്തി. മേപ്പാടി പ്രകൃതി ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിടുമ്പോൾ രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ചൂരൽമല- മുണ്ടക്കൈയിൽ ആർമി സേനാംഗങ്ങൾ നിർമ്മാണം പൂർത്തീകരിച്ച ബെയ്ലി പാലത്തിലൂടെ മണ്ണ്മാന്തി യന്ത്രങ്ങൾ മറുകര എത്തിച്ചാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങൾ, സന്നദ്ധപ്രവർത്തകൾ, നാട്ടുകാർ എന്നിവരെല്ലാം കൂട്ടായി രക്ഷാ പ്രവർത്തനത്തിൽ കൈകോർത്തു നീങ്ങുന്നു. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള 8 കിലോമീറ്റർ പരിധിയിൽ അടിഞ്ഞുകൂടിയ മണ്ണ് മാറ്റിയുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജൻ, എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു എന്നിവർ ചൂരൽ മലയിലെ കൺട്രോൾ റൂമിൽ തത്സമയം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി രംഗത്തുണ്ട്.