The government's aim is to increase the representation of women in the tourism sector

ത്രിദിന ഉത്തരവാദിത്ത-ജെൻഡർ ഇൻക്ലൂസീവ് ടൂറിസം അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന് നവംബർ 30 ന് തുടക്കം

ടൂറിസം മേഖലയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം

ടൂറിസം മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതി ആഗോള ശ്രദ്ധയിൽ എത്തിക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. യുഎൻ വിമനിൻറെ പങ്കാളിത്തത്തോടെയുള്ള ഗ്ലോബൽ വിമൻ കോൺഫറൻസ് ഓൺ റെസ്പോൺസിബിൾ ആൻഡ് ജെൻഡർ ഇൻക്ലൂസീവ് ടൂറിസം നവംബർ 30, ഡിസംബർ 1, 2 തീയതികളിൽ മൂന്നാറിലാണ് നടക്കുക.

കേരളത്തിൽ നടന്നുവരുന്ന സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മ സൃഷ്ടിക്കുക, പരസ്പര സഹകരണത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുക, ഈ മേഖലയിലുള്ള മാതൃകകൾ ആഗോളതലത്തിൽ അവതരിപ്പിക്കുക, അനുയോജ്യമായ മാതൃകകളും ആശയങ്ങളും ഉൾക്കൊള്ളുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

ടൂറിസം മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുകയും സ്ത്രീസുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി സ്ത്രീസൗഹാർദ്ദ ടൂറിസം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. യുഎൻ വിമൻ-ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഡെസ്റ്റിനേഷൻ സേഫ്റ്റി സ്റ്റഡി, ജെൻഡർ ഓഡിറ്റ്, പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്കാണ് യുഎൻ വിമനിൻറെ സഹകരണം ലഭ്യമാക്കുന്നത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ ടൂറിസം മേഖല കൈവരിച്ച നേട്ടങ്ങളും സ്ത്രീസൗഹൃദ ടൂറിസം പ്രവർത്തനങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. കേരളത്തിലെ സ്ത്രീസൗഹാർദ ടൂറിസം മാതൃകയെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധർ കാഴ്ചപ്പാടുകൾ പങ്കിടുകയും തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ തൊഴിലവസരങ്ങളിൽ ഉൾപ്പെടെ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരത്തിലൂടെയുള്ള സ്ത്രീശാക്തീകരണമാണ് വനിതാ സൗഹാർദ ടൂറിസം പദ്ധതി സാധ്യമാക്കുന്നത്. സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടായും യാത്രകൾ നടത്തുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇതിന് പ്രോത്സാഹനം നൽകാനും ഇതിലൂടെ സാധിക്കും. സ്ത്രീസഞ്ചാരികൾക്ക് സുരക്ഷിതമായ ലക്ഷ്യസ്ഥാനമാണ് കേരളം. സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള ടൂറിസം കേന്ദ്രങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു മന്ത്രി പറഞ്ഞു.

അനുഭവവേദ്യ, സുസ്ഥിര ടൂറിസം മാതൃകയുടെ ഭാഗമായി വില്ലേജ് എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജുകൾ, എക്സ്പീരിയൻഷ്യൽ സ്റ്റേ പാക്കേജുകൾ, ആർടി വില്ലേജുകൾ, സ്ട്രീറ്റ് തുടങ്ങി നിരവധി പങ്കാളിത്ത ടൂറിസം വികസന പദ്ധതികളാണ് കേരളം നടപ്പാക്കിയതെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. സ്ത്രീസൗഹാർദ്ദ ടൂറിസം ഇനിഷ്യേറ്റീവ് പദ്ധതി ഇത്തരത്തിലുള്ള മറ്റൊരു മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ സ്ത്രീകളെ ടൂറിസം രംഗത്തേക്ക് ആകർഷിച്ചുകൊണ്ട് ഈ മേഖലയിലെ വനിതാ പങ്കാളിത്തം ഉയർത്തുന്നതിനും സ്ത്രീ സൗഹാർദ്ദ ടൂറിസം കേന്ദ്രങ്ങൾ രൂപീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. സുരക്ഷിതവും ശുചിത്വമുള്ള ലക്ഷ്യസ്ഥാനങ്ങൾ ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ 18000 – ത്തോളം സ്ത്രീകൾ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തെന്ന് സിഇഒ കെ. രൂപേഷ് കുമാർ പറഞ്ഞു. ഈ പദ്ധതിയിലൂടെ കമ്മ്യൂണിറ്റി ടൂർ ലീഡർ, ടൂർ ഓപ്പറേറ്റർ, ഡ്രൈവർമാർ, ഹോംസ്റ്റേകൾ, റെസ്റ്റോറൻറ് മേഖലകളിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾ തുടങ്ങാനാകും. ഇവയെല്ലാം ഏകോപിപ്പിച്ച് ഒരു സ്ത്രീസൗഹാർദ്ദ ടൂറിസം ശൃംഖല രൂപീകരിക്കുന്നതിന് വേണ്ട നടപടികൾ ആർടി മിഷൻ സൊസൈറ്റി ചെയ്തു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആർടി മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത ആകെ യൂണിറ്റുകളിൽ 17631 (70%) യൂണിറ്റുകൾ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകൾ നയിക്കുന്നതോ ആണ്. ഈ യൂണിറ്റുകളെയെല്ലാം സ്ത്രീസൗഹാർദ്ദ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം രംഗത്ത് ജെൻഡർ ഓഡിറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. നിലവിൽ ആറ് കേന്ദ്രങ്ങളിൽ ജെൻഡർ ഓഡിറ്റ് നടന്നുവരുന്നു. പുതുതായി 10 കേന്ദ്രങ്ങളിൽക്കൂടി ഈ സാമ്പത്തിക വർഷം ഓഡിറ്റ് നടപ്പിലാക്കും. 68 കേന്ദ്രങ്ങളിൽ സേഫ്റ്റി ഓഡിറ്റ് പൂർത്തിയാക്കി. കേരളം നടപ്പാക്കുന്ന ഈ മാതൃക ഉച്ചകോടിയിൽ ചർച്ചയാകും. പ്രാദേശിക മേഖലയിലെ സ്ത്രീകളെ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ സഹായിക്കുന്നതാണ് ജെൻഡർ ഓഡിറ്റ്.

സ്ത്രീകൾ നടത്തുന്ന ടൂറിസം പ്രവർത്തനങ്ങളിലൂടെ കൂടുതൽ സ്ത്രീകളെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കാനും ടൂറിസത്തിലൂടെ സ്ത്രീശാക്തീരണം, ദാരിദ്ര്യ ലഘൂകരണം, പാർശ്വവത്കൃത ജനസമൂഹത്തിൻറെ ഉന്നമനം എന്നിവ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബർ 26 നാണ് കേരളം സ്ത്രീസൗഹാർദ്ദ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. ജെൻഡർ ഇൻക്ലൂസീവ് ടൂറിസം എന്ന യുഎൻ ഡബ്ല്യുടിഒ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതി. ഇതിൻറെ ഭാഗമായി എക്സ്ക്ലൂസീവ് വിമൺ ടൂറുകൾ നടത്തുന്ന വിവിധ യൂണിറ്റുകൾ കെആർടിഎം സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾ നയിക്കുന്ന ഹോംസ്റ്റേകൾ, സ്ത്രീകളുടെ സുവനീർ യൂണിറ്റുകൾ എന്നിങ്ങനെ വിവിധ സ്ത്രീകേന്ദ്രീകൃത പ്രവർത്തനങ്ങളും സൊസൈറ്റി നടത്തിവരുന്നു.