Pata Gold Award for Digital Marketing Campaign for Kerala Tourism

ഡിജിറ്റൽ മാർക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന്

‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം പരിഗണിച്ച് പുരസ്കാരം

കാമ്പയിൻ കേരള ടൂറിസത്തിൻറെ ഔദ്യോഗിക വാട്സാപ് ചാറ്റായ ‘മായ’ യിലൂടെ

നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻറെ (പാറ്റ) 2024 ലെ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന് ലഭിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം കാമ്പയിൻ പരിഗണിച്ചാണ് പുരസ്കാരം.

ഡിജിറ്റൽ മാർക്കറ്റിംഗ് കാമ്പയിൻ വിഭാഗത്തിലെ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. വിജയികളാകുന്നവർക്ക് കുറഞ്ഞ നിരക്കിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ അവധിദിനങ്ങൾ ചെലവിടാൻ അവസരമൊരുക്കുന്നതായിരുന്നു ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം. കേരളത്തിൽ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്.

പാറ്റ ട്രാവൽ മാർട്ട് 2024 ൻറെ ഭാഗമായി ആഗസ്റ്റ് 28 ന് തായ് ലൻറിലെ ബാങ്കോക്ക് ക്വീൻ സിരികിറ്റ് നാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

രാജ്യത്തെ ടൂറിസം മേഖലയിൽ ‘ഹോളിഡേ ഹീസ്റ്റ്’ തികച്ചും വ്യത്യസ്തമായ പരിപാടിയായിരുന്നെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹോളിഡേ ഹീസ്റ്റ് ഗെയിമിൽ പങ്കെടുക്കുന്നവരിൽ തന്ത്രപരമായ ചിന്തയും സർഗാത്മകതയും സാഹസികതയും പ്രചോദിപ്പിച്ച് ടൂർ പാക്കേജ് പ്രമോഷനുകൾ പുനർനിർവചിക്കാൻ കേരള ടൂറിസത്തിനായി.

സഞ്ചാരികളുടെ ശ്രദ്ധയും ആവേശവും ആകർഷിക്കുന്നതിനായി നടത്തിയ പ്രമോഷണൽ കാമ്പയിനുള്ള സുപ്രധാന അംഗീകാരമാണ് അവാർഡ്. കോവിഡിന് ശേഷം വിനോദസഞ്ചാരികളെ കേരളത്തിലേക്ക് വൻതോതിൽ ആകർഷിക്കാൻ കാമ്പയിനിലൂടെ സാധിച്ചു. മികച്ചതും നവീനവുമായ ഇത്തരം മാർഗങ്ങളിലൂടെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാൻ കഴിയും.

ജൂലൈയിൽ സംഘടിപ്പിച്ച ബിഡ്ഡിംഗ് ഗെയിമിൽ 80,000 ലധികം ബിഡ്സുകളാണ് നടന്നത്. 45 ദശലക്ഷത്തിലധികം ഇംപ്രഷനുകൾ സൃഷ്ടിച്ചു. 13 ദശലക്ഷത്തിലധികം കാണികളെയും നേടി. കാമ്പയിൻ കാലയളവിൽ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. ‘ലോവസ്റ്റ് യുണിക് ബിഡ്ഡിംഗ്’ എന്ന ആശയത്തെ മുൻനിർത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂർ പാക്കേജുകൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നതാണ്.

കേരള ടൂറിസത്തിൻറെ ഔദ്യോഗിക വാട്സാപ് ചാറ്റായ ‘മായ’ (7510512345) ആണ് കാമ്പയിനിന് നേതൃത്വം നൽകിയത്. 2022 മാർച്ചിൽ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോൺടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ് ഫോമാണ്. മൂന്ന് ലക്ഷത്തിലധികം സജീവ ചാറ്റുകളുമുണ്ട്.

കാമ്പയിൻ കാലയളവിൽ എല്ലാ ദിവസവും പുതിയ ടൂർ പാക്കേജുകളും പങ്കെടുക്കുന്നവർക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നൽകി. ആകർഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികൾക്ക് കേരളത്തിൽ അവധിക്കാലം സ്വന്തമാക്കാനുള്ള അവസരവും മുന്നോട്ടുവച്ചു. സമർഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂർ പാക്കേജുകൾ സ്വന്തമാക്കിയവരുണ്ട്.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാൻ കാമ്പയിൻ പ്രധാന പങ്കുവഹിച്ചു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവ് ക്രമാതീതമായി വർധിക്കുന്ന സമയത്താണ് കേരള ടൂറിസത്തിന് ഈ അവാർഡ് ലഭിച്ചതെന്നത് ശ്രദ്ധേയമാണ്.

ഏഷ്യ-പസഫിക് മേഖലയിലെ ട്രാവൽ വ്യവസായത്തിൽ നിന്നുള്ള മികച്ച സംഭാവനകൾക്ക് പുരസ്കാരങ്ങൾ നൽകുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.