പ്രകൃതിയോട് ഇണങ്ങിയുള്ള വികസന പ്രവർത്തനങ്ങൾക്ക് ലോകമെങ്ങും ഏറെ പ്രാധാന്യം നൽകുന്ന അവസരമാണിത്. പ്രകൃതിയെയും കാലാവസ്ഥാ മാറ്റത്തെയും അവഗണിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാകില്ല. ഇത് ഉൾക്കൊണ്ടു കൊണ്ടുള്ള പാരിസ്ഥിതിക കാഴ്ചപ്പാടും ദീർഘവീക്ഷണവുമാണ് ടൂറിസം ഉൾപ്പെടെ എല്ലാ മേഖലയിലും ആവശ്യം. ടൂറിസവും ഹരിത നിക്ഷേപവും എന്ന ലോക ടൂറിസം ദിനത്തിൻറെ ഈ വർഷത്തെ പ്രമേയത്തോട് ചേർന്നു നിൽക്കുന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന വിനോദസഞ്ചാര കാഴ്ചപ്പാട്. ഒരു നാടിൻറെ പരിസ്ഥിതിയെയും സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളാണ് കേരളം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

കാലാവസ്ഥയിലും പാരിസ്ഥിതിക ഘടനയിലും ഏറെ വ്യതിയാനങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ സുവ്യക്തമായ പരിസ്ഥിതിസൗഹാർദ കാഴ്ചപ്പാടോടെ വേണം മുന്നോട്ടുപോകാൻ. ടൂറിസത്തിൻറെ വീണ്ടെടുക്കലിനും ഭാവിയിലെ വളർച്ചയ്ക്കും വികസനത്തിനുമുള്ള പ്രധാന മുൻഗണനയായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) ഇത് തിരിച്ചറിയുന്നുമുണ്ട്. മനുഷ്യർക്കും ഭൂമിക്കും ജീവനോപാധിക്കും വേണ്ടി കൂടുതൽ മെച്ചപ്പെട്ട ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളുടെ ആവശ്യകത 2023 ലെ ലോക വിനോദസഞ്ചാര ദിനത്തിൽ യു.എൻ.ഡബ്ല്യു.ടി.ഒ എടുത്തുകാണിക്കുന്നു. സാമ്പത്തിക വളർച്ചയും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത മേഖലയ്ക്കൊപ്പം പുതിയതും നൂതനവുമായ മാർഗങ്ങൾ ആരായേണ്ട സമയം കൂടിയാണിതെന്നും യുഎൻ ടൂറിസം സംഘടന ഓർമ്മിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹം, ഗവൺമെൻറുകൾ, ബഹുമുഖ ധനകാര്യ സ്ഥാപനങ്ങൾ, വികസന പങ്കാളികൾ, സ്വകാര്യ മേഖലയിലെ നിക്ഷേപകർ എന്നിവയോട് ഒരു പുതിയ ടൂറിസം നിക്ഷേപ തന്ത്രത്തിന് ചുറ്റും ഒന്നിക്കാനുള്ള ആഹ്വാനമാണ് യു.എൻ.ഡബ്ല്യു.ടി.ഒ നടത്തുന്നത്.

ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനമുള്ള കേരളം കാലാനുസൃതവും ഭാവി വികസനം ലക്ഷ്യമിട്ടുള്ളതുമായ നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഏതു കാലാവസ്ഥയിലും ടൂറിസം പ്രവർത്തനത്തിന് അനുയോജ്യമായ പ്രദേശമാണ് കേരളം. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടൂറിസം ഉത്പന്നങ്ങളും ആകർഷണങ്ങളുമാണ് സഞ്ചാരികൾക്കായി വകുപ്പ് രൂപപ്പെടുത്തുന്നത്. മികച്ച കാലാവസ്ഥ, പരിസ്ഥിതി അനുകൂല ഘടകങ്ങൾ, പച്ചപ്പ്, ശുദ്ധവായു എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി പ്രകൃതിയോട് കൂടുതൽ ഇണങ്ങിയുള്ള അനുഭവവേദ്യ വിനോദസഞ്ചാരത്തിനാണ് കേരളം മുൻഗണന നൽകുന്നത്.

കേരളീയ ഗ്രാമങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകുന്നുവെന്നതാണ് ഏറ്റവും പുതിയ പ്രവണത. ഒരു പ്രദേശത്തെ തനിമകൾ നിലനിർത്തി ടൂറിസം പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുകയും പ്രദേശവാസികൾ കൂടി അതിൽ പങ്കാളികളാകുകയും ചെയ്യുമ്പോൾ ഈ മേഖല കൂടുതൽ ജനകീയവും പരിസ്ഥിതി സൗഹൃദവുമായി മാറുകയാണ്. സ്ത്രീകളുൾപ്പെടെയുള്ള ഗ്രാമീണജനതയ്ക്ക് തൊഴിലവസരവും വരുമാനവും ഇതുവഴി സാധ്യമാകുന്നു. വിനോദസഞ്ചാരത്തെ ഉപയോഗപ്പെടുത്തി പ്രാദേശികജനതയ്ക്ക് ജീവിക്കാൻ പറ്റിയ രീതിയിലും പുറത്തുള്ളവർക്ക് സന്ദർശിക്കാൻ പറ്റിയ രീതിയിലും അതതുസ്ഥലങ്ങളുടെ പാരിസ്ഥിതിക സാധ്യതകൾ നശിക്കാതെ സൂക്ഷിച്ചും അതേസമയം അത് പരമാവധി ഉപയോഗപ്പെടുത്തിയും വിനോദസഞ്ചാരലക്ഷ്യസ്ഥാനങ്ങളെ സജ്ജമാക്കുന്ന പ്രവർത്തനം ഒരുപോലെ അതിഥികളുടേയും ആതിഥേയരുടേയും കൂട്ടായ്മ കൂടിയാണ്.

ടൂറിസം വികസനം തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള ഉപാധിയായി സ്വീകരിച്ച് പ്രാദേശിക സുസ്ഥിര വികസനത്തിന് ഉപയുക്തമാക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് കേരള ടൂറിസം മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യങ്ങൾ ഏറ്റെടുക്കുന്നത് ടൂറിസം വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനാണ്. ഗ്രാമീണ വിനോദ സഞ്ചാരകേന്ദ്രങ്ങളായി കേരളത്തിൽ സമീപകാലത്തുയർന്നുവന്ന നിരവധി ഗ്രാമങ്ങളുണ്ട്. ഇവയെല്ലാം പ്രാധാന്യം നൽകുന്നത് ഉത്തരവാദിത്ത ടൂറിസത്തിലധിഷ്ഠിതമായ അനുഭവവേദ്യ ടൂറിസം പ്രവർത്തനങ്ങളാണ്. യു.എൻ.ഡബ്ല്യു.ടി.ഒയുടെ ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന ആശയത്തിൻറെ അടിസ്ഥാനത്തിൽ നടപ്പാക്കിയ കോട്ടയം മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു. ജലാശയങ്ങളെ വീണ്ടെടുത്ത് സംരക്ഷിച്ച് അവയെ ടൂറിസം പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്.

വിനോദസഞ്ചാര മേഖലയിലെ സംരംഭകത്വവും തൊഴിലവസരവും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിനായി ചെറുപ്പക്കാർക്കുള്ള നൈപുണ്യ പരിശീലനം വർധിപ്പിക്കുകയും എംഎസ്എംഇകളെ പിന്തുണയ്ക്കുകയും വേണം.

പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും മാലിന്യ വിമുക്ത ടൂറിസം കേന്ദ്രങ്ങൾ എന്ന ആശയം ടൂറിസം സംരംഭകരുടെയും പ്രാദേശിക സമൂഹത്തിൻറെയും സഹകരണത്തോടെയാണ് നടപ്പാക്കി വരുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളെ ഗ്രീൻ സർട്ടിഫൈഡ് ആക്കിയിട്ടുമുണ്ട്.

വായു, ജലം, മണ്ണ്, സസ്യജന്തു ജീവജാലങ്ങൾ ഇവയെല്ലാം പരിസ്ഥിതിയുടെ പൊതുസ്വത്താണ്. ഓരോ പ്രദേശത്തിൻറെയും ഈ പൊതുസ്വത്തുക്കൾ തന്നെയാണ് ടൂറിസം ആകർഷണങ്ങളായി മാറുന്നതും. ഇവ കേവലമായ ആകർഷണങ്ങൾ മാത്രമല്ല ഭൂമിയുടെ നിലനിൽപ്പിന് അത്യാന്താപേക്ഷിതവുമാണ്. ഈ പൊതുസ്വത്തുക്കളിൻമേലാണ് ടൂറിസം വ്യവസായം നിക്ഷേപം നടത്തുന്നതും. അതുകൊണ്ടുതന്നെ അവയുടെ മേൽ ആഘാതങ്ങൾ കുറയ്ക്കാനും അവയെ സംരക്ഷിക്കാനും ടൂറിസം വ്യവസായത്തിനും വിനോദ സഞ്ചാരികൾക്കും ബാധ്യതയുണ്ട്. ഭൂമിയുടെ ഹരിതാഭയും മനോഹാരിതയും നാളത്തെ തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവോടെ പരിസ്ഥിതിയിൽ ഇടപെടാൻ വിനോദസഞ്ചാരികളെയും ടൂറിസം നിക്ഷേപകരെയും ലോക ടൂറിസം ദിന പ്രമേയം ഓർമ്മിപ്പിക്കുന്നു.