ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് നവംബർ 16 ന് തിരുവനന്തപുരത്ത്
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിക്ഷേപകർ പങ്കെടുക്കും
സംസ്ഥാനത്ത് ടൂറിസം വകുപ്പിൻറെ ആഭിമുഖ്യത്തിൽ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ടൂറിസം നിക്ഷേപക സാധ്യതകൾ പരിചയപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമാണ് നിക്ഷേപകസംഗമം നടത്തുന്നത്. നവംബർ 16 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന നിക്ഷേപക സംഗമം എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിലുള്ള കേരളത്തിൻറെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടും.
സംസ്ഥാനത്ത് ടൂറിസം മേഖലയിൽ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനുമായി സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്താനാണ് നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണവും പുതിയ പദ്ധതികളുടെ നടപ്പിലാക്കലും മുൻഗണനാ പദ്ധതിയായി സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. അതിന് വിവിധ മേഖലകളിലെ നിക്ഷേപങ്ങൾ കൂടി ആകർഷിക്കേണ്ടതുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ടൂറിസം നിക്ഷേപക സംഗമം നടത്തുന്നത്.
കേരളത്തെയാകെ ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ-സഹകരണ-സ്വകാര്യ മേഖലകളെ കൂട്ടിയോജിപ്പിച്ചാണ് കേരളത്തിലെ ടൂറിസം വ്യവസായം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് ടൂറിസം നിക്ഷേപം നടത്താനാകുന്ന നിരവധി മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപക സംഗമത്തിൽ പരിചയപ്പെടുത്തും. ടൂറിസം വകുപ്പിൻറെയും മറ്റ് വകുപ്പുകളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ നിക്ഷേപത്തിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായുന്ന സമ്മേളനത്തിൽ സ്വകാര്യ സംരംഭകർ, നിക്ഷേപകർ, യുവ-വിദ്യാർഥി സംരംഭകർ തുടങ്ങിയവരുടെ പദ്ധതി അവതരണങ്ങൾ നടക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 350-ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപക താത്പര്യം പ്രകടിപ്പിക്കുന്നവർക്ക് പദ്ധതി ആരംഭിക്കുന്നതിന് തുടർപ്രവർത്തനങ്ങളും ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ നടത്തും. സംരംഭകർക്ക് ഫെസിലിറ്റേഷൻ ഒരുക്കുന്നതിന് ടൂറിസം ഡയറക്ടറേറ്റിൽ പ്രത്യേക സംവിധാനം ഒരുക്കും. കേരളത്തിൻറെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുച്ചാട്ടമുണ്ടാക്കാൻ നിക്ഷേപക സംഗമം സഹായിക്കും. ഇത് സംസ്ഥാനത്തിൻറെ സമ്പദ്ഘടനയിലും തൊഴിലവസരങ്ങളിലും ഗുണകരമായ മാറ്റമുണ്ടാകും.
സംസ്ഥാനത്തിൻറെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനുള്ള ശ്രമമാണ് നിക്ഷേപക സംഗമം.
ലോകമെമ്പാടുമുള്ള വിനോദസഞ്ചാര മേഖലയിലെ നൂതന പ്രവണതകൾ തിരിച്ചറിഞ്ഞാണ് ടൂറിസം വകുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതെന്നും ഇത് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നുവെന്നും ടൂറിസം ഡയറക്ടർ പി.ബി നൂഹ് പറഞ്ഞു. 2022 ൽ 1.88 കോടിയിലധികം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളാണ് സംസ്ഥാനം സന്ദർശിച്ചത്.
ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം, ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം പദ്ധതികൾ തുടങ്ങി കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ അവസരങ്ങൾ സമ്മേളനത്തിൽ പ്രദർശിപ്പിക്കും. ടൂറിസം പ്രവണതകളെക്കുറിച്ചുള്ള സെമിനാർ, പ്രോജക്ട് പിച്ച് സെഷനുകൾ, റൗണ്ട് ടേബിൾ ചർച്ചകൾ, ബി 2 ബി മീറ്റിംഗുകൾ എന്നിവയും നടക്കും.