Chellanath Mega Walkway

 

സങ്കടപ്പെടുന്ന നാടെന്ന മുഖച്ഛായ മാറ്റിക്കൊണ്ട് വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുകയാണ് ചെല്ലാനം. 344 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ടെട്രാപോഡ് കടൽഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി ഒരുക്കുന്ന മെഗാ വാക്ക് വേയാണ് വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന വിധത്തിൽ തയ്യാറാക്കുന്നത്. കേരളത്തിൽ വളരെ അപൂർവ്വമായി കാണുന്ന ടെട്രാപോഡ് കടൽത്തീര നടപ്പാത മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ മുഖ്യ ആകർഷണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രദേശവാസികൾക്ക് ഒഴിവുസമയം ചെലവഴിക്കാനും കായികപ്രേമികളായ ചെറുപ്പക്കാർക്ക് വ്യായാമം ചെയ്യുന്നതിനും ഏറെ സൗകര്യപ്രദമായ ഇടമാക്കിയാണ് മെഗാ വാക്ക് വേ ഒരുക്കുന്നത്. ചെല്ലാനം തീരദേശത്ത് 17 കലോമീറ്റർ ദൂരം പദ്ധതിയിലുള്ള ടെട്രാപോഡ് കടൽഭിത്തിയുടെ ആദ്യഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ കടൽഭിത്തിക്ക് മുകളിലായി 7.3 കിലോമീറ്റർ നീളത്തിലാണ് നടപ്പാത പണികഴിപ്പിച്ചിട്ടുള്ളത്. ചെല്ലാനം സീ വാക്ക് വേ ഉടൻതന്നെ നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തീരദേശ ഹൈവേയുടെ നിർമ്മാണം പുതിയ വാക്ക് വേയ്ക്ക് സമീപം പുരോഗമിക്കുന്നുണ്ടെന്നതും കൊച്ചി തീരദേശ ടൂറിസത്തിന് സഹായകമാകും.