ഗതാഗതത്തിന്റെ ഗതിമാറ്റും തീരദേശ ഹൈവേ
623 കിലോമീറ്റര്‍ ദൂരത്തില്‍, 14 മീറ്റര്‍ വീതിയോടെ, 6500 കോടി രൂപ കിഫ്ബി വഴി ചെലവഴിച്ച് കേരളത്തിന്റെ തീരദേശത്തിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതാണ് തീരദേശ ഹൈവേ പദ്ധതി. അന്തര്‍ദേശീയ നിലവാരത്തില്‍ സൈക്കിള്‍ പാതയോടു കൂടിയാണ് തീരദേശ ഹൈവേ നിര്‍മ്മിക്കുന്നത്.
രണ്ടാഴ്ചയിലൊരിക്കല്‍ നടക്കുന്ന പിഡബ്ല്യുഡി മിഷൻ ടീം യോഗത്തിൽ തീരദേശ ഹൈവേ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നുണ്ട്. തീരദേശ ഹൈവേ പദ്ധതിയുടെ ഡിപിആർ അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുന്നുണ്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ തീരദേശ ഹൈവേ നിര്‍മ്മാണത്തിന് സാമ്പത്തികാനുമതി ലഭിച്ചുകഴിഞ്ഞു. മലപ്പുറം പടിഞ്ഞാറേക്കര പാലം മുതല്‍ ഉണ്യാല്‍ ജങ്ഷന് വരെയുള്ള 15 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മാണം പുരോഗതിയിലാണ്.
നിലവിലുളള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമാക്കിയും പുതിയ നിര്‍മ്മാണങ്ങള്‍ നടത്തിയും മൂന്ന് ഘട്ടങ്ങളിലായാണ് തീരദേശ ഹൈവേ പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്. കൊല്ലം, വിഴിഞ്ഞം, വല്ലാര്‍പാടം എന്നീ പ്രധാന തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. പൊതു ഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നീ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി.
ദീര്‍ഘമായ കടല്‍ത്തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ തീരദേശ ഹൈവേ വികസനം വിനോദസഞ്ചാര മേഖലയിലും കരുത്തുപകരും. തീരദേശത്തിന്റെ പുരോഗതിയും സാധ്യമാക്കുന്നതാണ് ഈ പദ്ധതി