10.18 crore administrative permission for Komalam bridge

പത്തനംതിട്ട ജില്ലയിലെ കോമളം പാലത്തിന്10.18 കോടി രൂപയുടെ ഭരണാനുമതിയായി

പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു കോമളം പാലം പുനര്‍നിര്‍മ്മാണം. പാലം പണിയുന്നതിന് 2022-2023 ബജറ്റിൽ 20 ശതമാനം തുക അനുവദിച്ചിരുന്നു. ഇപ്പോള്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനായി 10.18 കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്.

2021 ഒക്ടോബർ മാസത്തിലുണ്ടായ പ്രളയത്തിലാണ് കോമളം പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്നത്. ഇതോടെ പാലത്തെ ആശ്രയിച്ചിരുന്ന കോമളം, കുംഭമല, തുരുത്തിക്കാട്, അമ്പാട്ടുഭാഗം തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലായി. ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം യാത്ര ചെയ്യേണ്ടവരും വലിയ പ്രയാസമാണ് അനുഭവിച്ചത്. ഇതിന് പരിഹാരം കാണാനാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലം നിര്‍മ്മിക്കുന്നത്.

പഴയപാലം പൊളിച്ചു നീക്കി തൽസ്ഥാനത്ത് പുതിയ പാലം നിർമിക്കാനാണു പദ്ധതി. 7.5 മീറ്റർ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടു കൂടി മൊത്തം 11 മീറ്റർ വീതിയോടു കൂടിയാണ് പാലം നിർമിക്കുന്നത്. നദിയിൽ 28 മീറ്റർ നീളമുള്ള മൂന്നു സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ രണ്ടു വീതം ലാൻഡ് സ്പാനുകളും ആയിട്ടാണ് ഉയരമുള്ള പാലം നിർമിക്കുക.സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പേർ ഉയർത്തിയ വിഷയം കൂടിയാണ് കോമളം പാലം.