Anubhavvedya will create models of tourism in each panchayat of Kerala

കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും അനുഭവവേദ്യ ടൂറിസത്തിൻറെ മാതൃകകൾ സൃഷ്ടിക്കും

കേന്ദ്ര സർക്കാരിൻറെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് ലഭിച്ച കാന്തല്ലൂർ പഞ്ചായത്ത് ഭരണ സമിതിയെ കേരള സർക്കാരും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് ആദരിച്ചു. കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലേയും ടൂറിസം സാധ്യതകൾ കാന്തല്ലൂർ മാതൃകയിൽ വികസിപ്പിക്കാനാണ് സർക്കാരും ഉത്തരവാദിത്ത ടൂറിസം മിഷനും ശ്രമിക്കുന്നത്. ഇതിനായി കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും അനുഭവവേദ്യ ടൂറിസത്തിൻറെ മാതൃകകൾ സൃഷ്ടിക്കും.

എട്ടു മാസമായി നടന്ന പരിശോധനകൾക്ക് ഒടുവിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മത്സരത്തിൽ പങ്കെടുത്ത രാജ്യത്തെ 767 ഗ്രാമങ്ങളിൽ അഞ്ച് എണ്ണത്തിന് സ്വർണവും പത്ത് ഗ്രാമങ്ങൾക്ക് വെള്ളിയും ഇരുപത് ഗ്രാമങ്ങൾക്ക് ബ്രോൺസും ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനും യു എൻ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കാന്തല്ലൂർ.

ഗ്രാമീണ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനൊപ്പം വൈവിധ്യങ്ങളെ ആഘോഷിക്കാൻ സാധിക്കണം. തുല്യ അവസരം നല്കുന്നതിനൊപ്പം ജൈവവൈവിധ്യങ്ങളെ സംരംക്ഷിക്കാനും സ്ട്രീറ്റ് പദ്ധതിയിലൂടെ കാന്തല്ലൂരിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ആദ്യമായി പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തിയെന്നതും കാന്തല്ലൂരിനെ വേറിട്ടതാക്കുന്നു. പദ്ധതിയുടെ ഭാഗമായി സ്പെഷൽ ടൂറിസം ഗ്രാമസഭകൾ, ടൂറിസം റിസോർസ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കൽ, വിവിധ പരിശീലനങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ രൂപീകരണം-രജിസ്ട്രേഷൻ എന്നിവ വിജയകരമായി നടപ്പാക്കി.

ഗ്രാമീണ-കാർഷിക ടൂറിസം പ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കി പാക്കേജുകൾ നടപ്പാക്കിയതും ടൂർ പാക്കേജുകൾക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. കൃത്യമായ ഇടവേളകളിൽ സംരംഭക ശിൽപശാലകളും വിലയിരുത്തൽ യോഗങ്ങളും നടന്നു. ഡെസ്റ്റിനേഷൻ സുരക്ഷാപഠനത്തിലൂടെ കണ്ടെത്തിയ പരിമിതികൾ പരിഹരിക്കുന്നതിനായി പൊതു ശൗചാലയങ്ങൾ, സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനം, പൊതു വാട്ടർ വെൻഡിങ്ങ് മെഷീനുകൾ എന്നിവയും ഉറപ്പാക്കി.

ഡെസ്റ്റിനേഷൻ സൈൻ ബോർഡുകൾ ഉറപ്പാക്കിയതിനൊപ്പം മാലിന്യ സംസ്കരണത്തിന് കൃത്യമായ പദ്ധതിയും നടപ്പാക്കി. വീടുകളിൽ നിന്നും ടൂറിസം സംരംഭങ്ങളിൽ നിന്നും ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിൽ മാലിന്യം സംഭരിച്ച് സംസ്കരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തി. യൂസർ ഫീ വാങ്ങി നടപ്പാക്കുന്ന മാലിന്യ സംസ്കരണം സുഗമമാക്കുന്നതിനായി ട്രാക്ടറുകളും ഇതര വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഗ്രീൻ സ്ട്രീറ്റ്, വെജിറ്റബിൾ സ്ട്രീറ്റ്, ഫ്രൂട്ട് സ്ട്രീറ്റ്, ഫ്ളവർ സ്ട്രീറ്റ് എന്നിങ്ങനെ ടൂറിസം സർക്യൂട്ടുകൾ തരംതിരിച്ചായിരുന്നു പ്രവർത്തനം.

കേരളത്തിൻറെ ടൂറിസം സാധ്യതകൾ മറ്റു സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും അപേക്ഷിച്ച് വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം ട്രേഡ് ഫെയറുകളിൽ കേരളത്തിന് കിട്ടുന്ന അംഗീകാരം കണക്കിലെടുത്താൽ തന്നെ കേരള ടൂറിസത്തിൻറെ അനന്ത സാധ്യതകൾ തിരിച്ചറിയാൻ കഴിയും. പഞ്ചായത്തുകൾ ഇത് തിരിച്ചറിഞ്ഞ് ടൂറിസം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണം . ഒരു ടൂറിസ്റ്റ് സംസ്ഥാനമായി കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ട പ്രധാന ഘടകം കേരളത്തിലെ ജനങ്ങളാണ്. എല്ലാ വിഭാഗം ജനങ്ങളിലേക്കും ടൂറിസത്തെ എത്തിക്കാൻ കഴിയുമ്പോൾ കേരളത്തെ വിനോദസഞ്ചാര സംസ്ഥാനമാക്കി മാറ്റാൻ കഴിയും. ഉത്തരവാദിത്ത ടൂറിസം എന്ന ആശയം അതിൻറെ ഭാഗമാണ്. കേരളത്തിലെ ഓരോ പൗരൻറേയും ജീവിതത്തെ സ്പർശിക്കുന്ന നിലയിലേക്ക് ജനകീയ ടൂറിസത്തെ മാറ്റിത്തീർക്കുക എന്നതാണ് സർക്കാരിൻറെ പ്രധാന ഉത്തരവാദിത്തം.

വൈവിധ്യമാർന്ന സാംസ്കാരിക പ്രവർത്തനങ്ങളാണ് ഗ്രാമീണ മേഖലയുടെ കരുത്ത്. ആ വൈവിധ്യങ്ങളിലേക്കാണ് കേരള ടൂറിസം വകുപ്പ് സഞ്ചാരികളുമായി എത്തുന്നത്. കുറഞ്ഞ കാലം കൊണ്ടു തന്നെ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയായി മാറി. കേന്ദ്ര ടൂറിസം വകുപ്പിൻറെ ബെസ്റ്റ് ടൂറിസം വില്ലേജ് മത്സരത്തിൽ കാന്തല്ലൂർ പഞ്ചായത്തിന് സുവർണ പുരസ്കാരം ലഭിച്ചത് അതിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെയും കാന്തല്ലൂർ ഗ്രാമ പഞ്ചായത്ത് നടത്തിയിട്ടുള്ള ടൂറിസം മേഖലയിലെ ശക്തമായ ഇടപെടലിലൂടെയുമാണ് ഇത്തരമൊരു നേട്ടമുണ്ടായത്.