Domestic tourist arrivals record record in January-September period

2022 -മായി താരതമ്യം ചെയ്താൽ ഈ വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34 ശതമാനത്തിൻറെ വളർച്ചയുണ്ടായി. ഇക്കൊല്ലം ആദ്യ ഒമ്പത് മാസത്തിൽ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇത് 133.81 ലക്ഷമായിരുന്നു. 25.88 ലക്ഷം സന്ദർശകരാണ് ഇക്കൊല്ലം വർധിച്ചത്. കോവിഡിനു മുമ്പത്തെ കണക്കുകളിൽ നിന്ന് 21.12 ശതമാനത്തിൻറെ വളർച്ചയും രേഖപ്പെടുത്തി. ആഭ്യന്തര സഞ്ചാരികൾ ഏറ്റവുമധികമെത്തിയത് എറണാകുളം (33,18,391) ജില്ലയിലാണ്. ഇടുക്കി (26,61,934), തിരുവനന്തപുരം (25,61,787), തൃശൂർ (18,22,020), വയനാട് (12,87,166) എന്നിങ്ങനെയാണ് കണക്കുകൾ.

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഇക്കൊല്ലം സംസ്ഥാനം സർവകാല റെക്കോർഡ് നേടും. പുതിയ ടൂറിസം ഉത്പന്നങ്ങൾക്കും ആകർഷണങ്ങൾക്കുമൊപ്പം സംസ്ഥാനം നടപ്പിലാക്കുന്ന സുസ്ഥിര, അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിനു കൂടി ലഭിച്ച അംഗീകാരമാണിത്.

ഈ വർഷം സെപ്റ്റംബർ വരെ വിദേശസഞ്ചാരികളുടെ വരവിലും കേരളം വർധന രേഖപ്പെടുത്തി. 4,47,327 വിദേശ സഞ്ചാരികളാണ് ഇക്കാലയളവിൽ സംസ്ഥാനം സന്ദർശിച്ചത്. കഴിഞ്ഞ വർഷം 2,06,852 വിദേശ സഞ്ചാരികളാണെത്തിയത്. 116.25 ശതമാനത്തിൻറെ വളർച്ചയാണിത്. വിദേശ സഞ്ചാരികളുടെ വരവിൽ കേരളം കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്കുള്ള തിരിച്ചുവരവിൻറെ പാതയിലാണ്. വിദേശസഞ്ചാരികളുടെ വരവിലും എറണാകുളമാണ് (2,04,549) മുന്നിൽ. തിരുവനന്തപുരം (98,179), ഇടുക്കി (68,798), ആലപ്പുഴ (19,685), കോട്ടയം (15,112) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നില.