അഞ്ചുമന പാലം നാടിനു സമർപ്പിച്ചു
മൂന്നരവർഷത്തിനുള്ളിൽ 100 പാലം പൂർത്തീകരിച്ചു
അഞ്ചു വർഷം കൊണ്ട് 100 പാലം നിർമിക്കുകയെന്നതായിരുന്നു ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത തീരുമാനമെന്നും അതു മൂന്നര വർഷത്തിനുള്ളിൽത്തന്നെ പൂർത്തിയാക്കിയതായും പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വൈക്കം-വെച്ചൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 4.02 കോടി രൂപ ചെലവിൽ നിർമിച്ച കുടവെച്ചൂർ അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് പൂർത്തിയാക്കിയ അഞ്ചുമന പാലം നാടിന്റെ വികസനത്തിന് ആക്കം കൂട്ടും. വൈക്കം-വെച്ചൂർ റോഡിന്റെ വികസനം പൂർണമായ രീതിയിൽ യാഥാർഥ്യമാവുകയാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും. പാലങ്ങളുടെ നിർമാണത്തിൽ കിഫ്ബിയുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.