ഔട്ടർ റിങ്ങ് റോഡ് നിർമ്മാത്തിൻറെ 1629 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ്ങ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്മെൻ്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചത്.
ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% ( ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) MIDP (Major Infrastructure Development Projects) യുടെ ഭാഗമാക്കാവുന്നതും, ഈ തുക 5 വർഷത്തിനുള്ളിൽ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകുന്നതുമാണ്.
ഇതിനു പുറമെ റോയൽറ്റി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സർക്കാർ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തിൽ ലഭിക്കുന്ന 210.63 കോടി രൂപയും, റോയൽറ്റി ഇനത്തിൽ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക.
ഔട്ടർ റിംഗ് റോഡിൻ്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപ്പന്നങ്ങളും മറ്റ് പാറ ഉൽപ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.
ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയൽറ്റി ഇളവ് ലഭിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യേണ്ടതാണ്.
ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാൻ്റ് ആയി നൽകും. ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിർദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നൽകുന്നതിന് നികുതി-ധനകാര്യ വകുപ്പുകൾ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.