ആക്കുളം കായലിൽ 96 കോടിയുടെ പ്രവർത്തനങ്ങൾക്ക് അനുമതി

തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലസ്ത്രോതസ്സായ ആക്കുളം കായലിൻറെ പുനരുജ്ജീവനത്തിന് തുടക്കമാവുന്നു . ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും ഉണർവ്വേകുന്നതാണ് ഈ തീരുമാനം. ഒരു കാലത്ത് അതീവ സുന്ദരമായ സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും. എന്നാൽ ഇന്ന് നടപ്പാതകൾ തകർന്ന്, ആഫ്രിക്കൻ പായലും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞ് കായലിൻറെ സൗന്ദര്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കൂടാതെ പ്രദേശം മുഴുവനും കാട് കയറിയ അവസ്ഥയിലാണ്. പരിതാപകരമായ ഈ അവസ്ഥയിൽ നിന്നും കായലിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയത്. കായൽ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിൻറെ വീണ്ടെടുപ്പ് എന്നിങ്ങനെ ആക്കുളം കായലിൻറെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിനായി 185.23 കോടി രൂപ അനുവദിച്ചു. ഇതിൽ 96 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. 2 വർഷത്തെ കാലാവധിയിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 15 വർഷത്തേക്ക് പരിപാലന ചുമതല കൂടി ഏൽപിച്ചു കൊണ്ടാണ് കരാർ നൽകിയിട്ടുള്ളത്. കായലിലെ ഫ്ളോട്ടിംഗ് മാലിന്യം നീക്കം ചെയ്യൽ, ഡ്രഡ്ജിംഗ്, കുളവാഴ നീക്കൽ, കായലിൻറെയും തോടുകളുടെയും ജലശുദ്ധീകരണ പ്രക്രിയകൾ, എൻട്രൻസ് പ്ലാസ, ഫുഡ് കോർട്ട്, റെയിൽ ഷെൽട്ടർ വെറ്റ് ലാൻറ് പാർക്ക്, ഓപ്പൺ എയർ തിയേറ്റർ, ഇരിപ്പിടം, ഓപ്പൺ ജിം, ബയോ ഫെൻസിംഗ്, ടോയ് ലറ്റ്, കാർ പാർക്കിംഗ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. കൂടാതെ ഇവിടെ ബോട്ടിങ് ആരംഭിക്കുകയും സാഹസിക വാട്ടർ സ്പോർട്സ് ഇനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ മാലിന്യവും പായലും നിറഞ്ഞു ശ്വാസം മുട്ടുന്ന ആക്കുളം കായലിന് ശാപമോക്ഷം ലഭിക്കുകയാണ്. ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ വികസനമാണ് ലക്ഷ്യമിടുന്നത്.