24-08-2022

ചട്ടം 304 പ്രകാരം ഡോ.സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ നല്‍കിയ സബ്മിഷന് ബഹു. പൊതുമരാമത്തും – ടൂറിസവും -യുവജനകാര്യവും വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നല്‍കുന്ന മറുപടി.

************

ശക്തികുളങ്ങര ഹാര്‍ബറിന്റെ പ്രവേശനകവാടം നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സബ്മിഷന്‍. ശക്തികുളങ്ങര ഹാര്‍ബറില്‍ വലിയ വികസന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് പ്രവേശനകവാടം നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയപാതാ അതോറിറ്റിയുടെ അഭിപ്രായം തേടിയിരുന്നു. ദേശീയപാതാ അതോറിറ്റിയുടെ ചെയര്‍പേഴ്സണ്‍ അദ്ധ്യക്ഷനായുള്ള LA Committee-യുടെ അനുമതി പ്രകാരം ഈ ഭാഗത്ത് ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭൂമി ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തുകഴിഞ്ഞു. മാത്രമല്ല ആറുവരി പാതയായി വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തി കരാര്‍ നല്‍കുകയും , പ്രസ്തുത സ്ട്രെച്ചില്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. ശക്തികുളങ്ങര ഹാര്‍ബറിന്റെ പ്രവേശനകവാടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ (PIU-TVM), Harbour Engineering Department-ലെ ഓഫീസര്‍മാര്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ്, വടക്കേവിള (ശക്തികുളങ്ങര) തഹസീല്‍ദാര്‍ എന്നിവര്‍ സംയുക്തമായി സൈറ്റ് ഇന്‍സ്പെക്ഷന്‍ നടത്തിയിരുന്നു. പ്രവേശന ഗേറ്റിന്റെയും ഹാര്‍ബറിലേക്കുള്ള റോഡിന്റെയും നിര്‍മ്മാണത്തിനുള്ള 15 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയുമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് മുമ്പോട്ട് പോകാവുന്നതാണ് എന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്.