The Valiyazhikkal bridge is ready for inauguration

വലിയഴീക്കല്‍ പാലം ഉദ്ഘാടനത്തിനൊരുങ്ങി

ആലപ്പുഴ – കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന, ഗതാഗത വികസന രംഗത്തും വിനോദ സഞ്ചാര രംഗത്തും ഒരുപോലെ വികസന സാധ്യതയുള്ള വലിയഴീക്കല്‍ പാലം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
2016 ൽ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ആവശ്യമായ ഫണ്ട് വകയിരുത്തിയിരുന്നില്ല. 2017 ൽ എൽഡിഎഫ് സർക്കാർ 136.39 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചു.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പിന് കീഴിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികൾ വിലയിരുത്തി. ഏറ്റവും പ്രാധാന്യത്തോടെ വലിയഴിക്കൽ പാലം പ്രവൃത്തി പൂർത്തീകരിക്കാനാവശ്യമായ ശ്രമങ്ങൾ ആരംഭിച്ചു. Accelerate PWD യുടെ ഭാഗമായി നിരന്തരം വലിയഅഴീക്കല്‍ പാലം നിര്‍മ്മാണ പ്രവൃത്തിയുടെ റിവ്യൂ നടത്തി. പ്രളയവും, കാലവർഷക്കെടുതിയും മഹാമാരിയും വന്നില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ ഈ പാലം നാടിന് സമർപ്പിക്കാൻ സാധിക്കുമായിരുന്നു.

2021 ആഗസ്റ്റ് മാസം വലിയഴീക്കല്‍ പാലത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിക്കൊണ്ട് യോഗം ചേര്‍ന്നു. എംഎല്‍എമാരായ രമേശ് ചെന്നിത്തല, യു പ്രതിഭ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഒക്ടോബർ മാസത്തിൽ വലിയഴീക്കല്‍ പാലം നിര്‍മ്മാണ പുരോഗതി നേരിട്ട് വിലയിരുത്താൻ അവിടം സന്ദർശിച്ചു. ശ്രീ. രമേശ് ചെന്നിത്തല, ശ്രീ. എ എം ആരിഫ് എംപി, ശ്രീ. സി ആർ മഹേഷ് എംഎൽഎ എന്നിവരും കൂടെ ഉണ്ടായി.
നവംബർ മാസത്തിൽ വീണ്ടും accelerate pwd യോഗം പാലം പ്രവൃത്തി പരിശോധിച്ചു. നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ 3 ബോ സ്ട്രിങ് ആര്‍ച്ചുള്ള പാലമാണ് വലിയഴീക്കലില്‍ പൂര്‍ത്തിയാകുന്നത്. കേരളത്തിൻ്റെ അഭിമാന പദ്ധതിയാണിത്. മുൻ മന്ത്രിമാരായ ശ്രീ. ജി സുധാകരൻ, ശ്രീ. രമേശ് ചെന്നിത്തല എന്നിവർ വലിയഴീക്കൽ പാലം യാഥാർഥ്യമാക്കാൻ നിരന്തരം പരിശ്രമിച്ചവരാണ്.പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് കൂടി മുതല്‍ക്കൂട്ടാകുന്ന പദ്ധതിയാണിത്. പാലത്തിനു മുകളില്‍നിന്ന് സൂര്യോദയവും അസ്തമയവും കാണാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സുനാമി ദുരന്തം തകര്‍ത്തെറിഞ്ഞ ആലപ്പാട് പഞ്ചായത്തിലെ അഴീക്കല്‍, ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കല്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് വലിയഴീക്കല്‍ പാലം. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രണ്ടു ഗ്രാമങ്ങളും വികസനക്കുതിപ്പിലെത്തും. കായംകുളം പൊഴിക്ക് അഭിമുഖമായാണ് പാലം നിര്‍മ്മാണം പുരോഗമിക്കുന്നത്. പാലം പൂര്‍ത്തിയാകുന്നതോടെ വലിയഴീക്കലില്‍നിന്ന് അഴീക്കലെത്താനുള്ള 28 കിലോമീറ്റര്‍ ദൂരവും ലാഭിക്കാം.