പൊതുമരാമത്ത് വകുപ്പിന്‍റെ നവീകരിച്ച നെയ്യാറ്റിന്‍കര പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും മാറി വിശ്രമിക്കാനും തമിഴ്നാട്, കന്യാകുമാരി യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാനും സാധിക്കുന്നതാണ് ഈ റസ്റ്റ് ഹൗസ്.

രണ്ട് വലിയ മുറികളുള്ള രാജഭരണകാലത്തെ കെട്ടിടമായിരുന്നു നേരത്തെ ഇവിടെയുണ്ടായിരുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി ഇത് നവീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം നിലവിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് കെട്ടിടവും പുതുക്കിപ്പണിതു. എട്ടോളം മുറികളും രണ്ട് ഹാളുകളും ഉള്‍പ്പെടുത്തിയ ഇരുനില കെട്ടിടമാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ ഡോര്‍മെട്രിയും ഉണ്ട്.കുറഞ്ഞ ചിലവില്‍ വിവിധ പരിപാടികള്‍ നടത്താന്‍ സാധിക്കുന്ന കെട്ടിടം കൂടിയാണ് പുതിയതായി പണിതിട്ടുള്ളത്. ഒരു ചെറിയ ഹാളും ഒരു വലിയ ഹാളും ഉണ്ട്. യോഗങ്ങള്‍ നടത്തുന്നതിനും ചെറിയ സാംസ്കാരിക പരിപാടികള്‍ക്കും കുടുംബങ്ങളില്‍ നടക്കുന്ന വിവിധ ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും ഈ റസ്റ്റ് ഹൗസിനെ ഉപയോഗപ്പെടുത്താം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ നല്ല സൗകര്യപ്രദമായ അന്തരീക്ഷത്തില്‍ വിവാഹ പരിപാടികള്‍ വരെ നടത്താന്‍ സാധിക്കും.

നെയ്യാറ്റിന്‍കരയില്‍ മികച്ച പാര്‍ക്കിംഗ് സൗകര്യത്തോടെ കുറഞ്ഞ ചിലവില്‍ ഒരു ഹാള്‍ ലഭിക്കുകയെന്നത് ജനങ്ങള്‍ക്ക് വലിയ സഹായകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകള്‍ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകും വിധത്തില്‍ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.