The health and public works departments will work together

ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്തുകൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോടൊപ്പം ഉന്നതതല യോഗം ചേര്‍ന്നു. സർക്കാർ മെഡിക്കല്‍ കോളേജുകളിലെ പദ്ധതികള്‍ പ്രത്യേക പരിഗണന നല്‍കി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

നിര്‍മ്മാണ പ്രവൃത്തികള്‍ പ്രത്യേകം ഷെഡ്യൂള്‍ തയ്യാറാക്കി നടത്തണമെന്ന് തീരുമാനിച്ചു. ഈ ഷെഡ്യൂള്‍ അനുസരിച്ച് പ്രവൃത്തി നടത്തുന്നുവെന്ന് നേരിട്ട് ഉറപ്പു വരുത്താന്‍ കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭരണാനുമതി ലഭിച്ച പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കും. സാങ്കേതികാനുമതി ലഭിച്ചിട്ടില്ലാത്ത എല്ലാ പ്രവൃത്തികളും കൃത്യമായ സമയക്രമം നിശ്ചയിച്ച് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസൈന്‍ നിശ്ചിത സമയത്ത് തന്നെ ലഭ്യമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡിസൈന്‍ പ്രവൃത്തികളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കോംപസിറ്റ് ടെണ്ടര്‍ നടപ്പാക്കി പദ്ധതികള്‍ വേഗത്തിലാക്കും. ആരോഗ്യ വകുപ്പും പൊതുമരാമത്ത് വകുപ്പുമായുള്ള ഏകോപനം ശക്തിപ്പെടുത്തും. ഇതിനായി പൊതുമരാമത്ത് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും ചേര്‍ന്ന് ഉദ്യോഗസ്ഥതതല അവലോകന യോഗങ്ങള്‍ നിശ്ചിത ഇടവേളകളില്‍ നടത്തുവാനും വര്‍ഷത്തില്‍ മൂന്നു തവണ മന്ത്രിമാര്‍ പങ്കെടുത്തു കൊണ്ടുള്ള യോഗങ്ങള്‍ ചേരുവാനും തീരുമാനിച്ചു.

മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ കൂടി അവലോകനം ചെയ്യും. മെഡിക്കല്‍ കോളേജുകളില്‍ മാസ്റ്റര്‍ പ്ലാന്‍ ഇല്ലാത്തിടത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ തലത്തില്‍ ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും.

സംസ്ഥാനത്തെ ഒമ്പത് മെഡിക്കല്‍ കോളേജുകളിലെ പ്രവൃത്തികളാണ് അവലോകനം ചെയ്തത്.