അതിവേഗം പുരോഗമിക്കുന്ന മലയോര പാത
പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേല്‍ക്കുന്ന സമയത്ത് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് മലയോര ഹൈവെ വികസനം. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ മലയോര ഹൈവേ പദ്ധതിയില്‍ വലിയ പുരോഗതി കൈവന്നിട്ടുണ്ട്.
കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ വികസന പദ്ധതിക്ക് 3500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സംരക്ഷണഭിത്തികൾ, കാൽനടയാത്രക്ക് ഇന്‍റർലോക്ക് ടൈൽ പാതകൾ, കോൺക്രീറ്റ് ഓടകൾ, കലുങ്കുകൾ, യൂട്ടിലിറ്റി ക്രോസ് ഡെക്ടറുകള്‍ എന്നിവ ഉൾപ്പെടുന്നതാണ് മലയോരഹൈവ പദ്ധതി. വാഹന യാത്രക്കാർക്ക് വേ സൈഡ് അമിനിറ്റി സെന്‍റര്‍, പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ബസ് ഷെൽട്ടർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
എല്ലാ ആഴ്ചയിലും ഒരു ദിവസം പിഡബ്ല്യുഡി മിഷൻ ടീം യോഗം ചേർന്ന് മലയോര ഹൈവേ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന പ്രവർത്തനം നടക്കുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഈ യോഗത്തിൽ പങ്കെടുത്ത് പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നുമുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തെ പ്രധാന പദ്ധതികള്‍ വിലയിരുത്തുന്ന ആക്സലറേറ്റ് പിഡബ്ല്യുഡി പദ്ധതിയുടെ ഭാഗമായും മലയോര ഹൈവേയുടെ നിർമ്മാണ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നുണ്ട്. റോഡ് നിർമ്മാണ രംഗത്തെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ഹൈവേയുടെ പണികൾ പുരോഗമിക്കുന്നത്.