മലയോരഹൈവേ കേരളത്തിന്റെ പ്രതീക്ഷ
സംസ്ഥാനത്തെ മലയോരഹൈവേയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. 3500 കോടി രൂപ ചെലവഴിച്ച് കാസര്‍ഗോഡ് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ നീളത്തിലാണ് കേരളത്തില്‍ മലയോരഹൈവെ നിര്‍മ്മിക്കുന്നത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോരഹൈവേ വികസനത്തിന്റെ പുരോഗതി പരിശോധിച്ചു. രണ്ട് ജില്ലകളിലും നല്ല പുരോഗതി കൈവരിക്കാനായിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിലൂടെ 6 റീച്ചുകളിലായി 115 കിലോമീറ്റര്‍ നീളത്തിലാണ് മലയോരഹൈവേ കടന്നുപോകുന്നത്. ഇതില്‍ 100.47 കിലോമീറ്റര്‍ പ്രവൃത്തിയുടെ ഡിപിആര്‍ പൂര്‍ത്തിയായി കഴിഞ്ഞു. 79.79 കിലോ മീറ്ററിന്റെ ധനാനുമതിയും 57.34 കിലോമീറ്ററിന്റെ സാങ്കേതികാനുമതിയും ലഭിച്ചു. 35.35 കിലോമീറ്റര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്റ് വെച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലൂടെ 3 റീച്ചുകളിലായി 52.51 കിലോമീറ്റര്‍ നീളത്തിലാണ് മലയോരഹൈവേ കടന്നുപോകുന്നത്. 3 റീച്ചുകളുടെയും ഡിപിആര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 41.51 കിലോമീറ്റര്‍ പ്രവൃത്തിയുടെ ധനാനുമതിയും 8.70 കിലോമീറ്റര്‍ പ്രവൃത്തിയുടെ സാങ്കേതികാനുമതിയും ലഭിച്ചു. 8.70 കിലോമീറ്റര്‍ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്റ് വെച്ചിട്ടുണ്ട്.
തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ തുടര്‍ച്ചയായ പരിശോധന നിലവിലുള്ളത് പോലെ തുടരും. പുരോഗതി അതാത് സമയം മന്ത്രി ഓഫീസില്‍ നിന്നും പരിശോധിക്കും. പഞ്ചായത്ത് തലം വരെ ഇതിന്റെ പുരോഗതി സംബന്ധിച്ച പരിശോധന നടത്താന്‍ എംഎല്‍എമാര്‍ മുന്‍കയ്യെടുക്കും. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമം നടത്തും.