ആറ്റിങ്ങല്‍ ടൗണ്‍ വികസനത്തില്‍ റോഡു വീതി കൂട്ടി ഓടകള്‍ ഉള്‍പ്പെടെ ഉണ്ടാക്കിക്കൊണ്ടുള്ള നിര്‍മ്മാണമാണ് സര്‍ക്കാരിന്‍റെ മുന്നില്‍ ഉള്ളതെന്നും എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ദേശീയപാത കുഴിച്ചെടുത്ത് നിര്‍മ്മിക്കുന്നതു സംബന്ധിച്ചും ഗതാഗതം ചെറിയ റോഡുകളിലൂടെ തിരിച്ചുവിടുന്നതു സംബന്ധിച്ചും സര്‍ക്കാരിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്ന നടപടികള്‍ കാസര്‍ഗോഡു നിന്നു തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലും ആറുവരിപ്പാത വരുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ആവശ്യമായി വരും. അതിനിടയില്‍ ഈ രീതിയില്‍ കുഴിച്ചെടുത്തു ചെയ്യുന്നത് കൂടുതല്‍ അലോചിച്ചാവണമെന്നും മന്ത്രി പറഞ്ഞു. പത്തു മാസക്കാലാവധിയുള്ള പ്രവൃത്തിയായതിനാല്‍ അത്രയും കാലം ഗതാഗതം തടസ്സപ്പെടുകയും ഈ സര്‍ക്കാരിന്‍റെ കാലത്തു പൂര്‍ത്തീകരിക്കാനാവാതെ വരികയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് ചട്ടപ്രകാരം ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു കൊണ്ടാണ് ചീഫ് എഞ്ചിനീയര്‍ പ്രവൃത്തി കരാര്‍ നല്‍കിയിരിക്കുന്നത്. ആറ്റിങ്ങല്‍ ഭാഗത്തെ റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്‍റെ ഉദ്ഘാടനം 2019 ഫെബ്രുവരിയില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയാണ് നിര്‍വ്വഹിച്ചത്. എന്നാല്‍ മഴ പെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ റോഡിന്‍റെ പകുതി ഭാഗം കുഴിച്ചെടുത്തു പുനര്‍നിര്‍മ്മിക്കുന്നതു ശരിയായ നടപടിയല്ലയെന്നതിനാല്‍ ഇപ്പോള്‍ കുഴിച്ചെടുത്ത ഭാഗം ഡി.പി.ആറില്‍ പറഞ്ഞ പ്രകാരം ടാറിംഗ് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനും, ബാക്കി ഭാഗത്തെ പ്രവൃത്തികള്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്തു തുടര്‍ നടപടി സ്വീകരിക്കുന്നതിനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ചു ചീഫ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എന്നിവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇപ്പോള്‍ കുഴിച്ചെടുത്ത ഭാഗം ടാറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ബാക്കി ഭാഗം ആലോചിച്ച് ചെയ്യാമെന്നുമാണ് ചീഫ് എഞ്ചിനീയര്‍ അദ്ദേഹത്തിന്‍റെ വിശദീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനനുസരിച്ചു ആവശ്യമെങ്കില്‍ കരാറുകാരനു കാലാവധി നീട്ടി നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയില്‍ ജനങ്ങള്‍ക്കു സുഗമമായ ഗതാഗതം ദീര്‍ഘകാലത്തേക്കു തടസ്സപ്പെടരുതെന്ന സദുദ്ദേശത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും ആറ്റിങ്ങല്‍ ടൗണ്‍ വികസനമെന്ന ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനാവശ്യമായ അനുകൂല നടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വീതി കൂട്ടി വികസിപ്പിക്കുന്നതിനും ഓട നിര്‍മ്മിക്കുന്നതിനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.