കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം – എയര്‍പോര്‍ട്ട് റോഡിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് സ്റ്റേഷന്‍ കമാന്‍ഡര്‍ മേജര്‍ കരണ്‍ ഠാക്കൂറുമായി ചര്‍ച്ച നടത്തിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
കടലാക്രമണത്തെ ചെറുക്കാന്‍ കഴിയുന്ന നിലയില്‍ ആര്‍.സി.സി. ഡയഫ്രം റീട്ടേയിനിംഗ്വാള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചുകൊണ്ടുള്ള റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 4.3 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കരാര്‍ ഒപ്പിട്ടു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റോഡ് ഡിസൈന്‍ അനുസരിച്ചുള്ള നിര്‍മ്മാണമാണ് തകര്‍ന്ന 240 മീറ്ററില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ദീര്‍ഘകാലം കടലാക്രമണത്തെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് യോഗം ചേര്‍ന്നത്. യോഗ തീരുമാന പ്രകാരം തീരദേശത്ത് റോഡ് നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ പ്രാഗല്‍ഭ്യമുള്ള ഇന്ത്യന്‍ നേവിയുടെ അഭിപ്രായം ലഭ്യമാക്കുന്നതിനായി നേവല്‍ ചീഫ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും ഇതോടൊപ്പം ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും, റീജിനല്‍ ഓഫീസര്‍ക്കും കത്ത് നല്‍കുന്നതിനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
യോഗത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസൗകര്യംമൂലം സ്ഥലം എം.എല്‍.എ വി.എസ്. ശിവകുമാറിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു.