ദേശീയപാത 66 ല്‍ കാസര്‍ഗോഡ് തലപ്പാടി മുതല്‍ കഴക്കൂട്ടം വരെയുള്ള ആറുവരിപ്പാത വികസനത്തിന്‍റെ ഭാഗമായ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് – മുഴപ്പിലങ്ങാട് റീച്ചിനും സ്റ്റാന്‍റിംഗ് ഫിനാന്‍സ് കമ്മിറ്റി (എസ്.എഫ്.സി) അംഗീകാരം ലഭിച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഇതോടെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രവൃത്തികള്‍ക്കു അംഗീകാരം ലഭിച്ചതായി മന്ത്രി പറഞ്ഞു.
ഇതില്‍ തലശ്ശേരി – മാഹി ബൈപ്പാസ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് ബൈപ്പാസ് പ്രവൃത്തി കരാര്‍ വെച്ചെങ്കിലും കരാര്‍ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു.
തലപ്പാടി – ചെങ്ങള, ചെങ്ങള – നീലേശ്വരം, നീലേശ്വരം – തളിപ്പറമ്പ്, തളിപ്പറമ്പ് – മുഴപ്പിലങ്ങാട് എന്നീ നാലു റീച്ചുകളാണ് ടെണ്ടര്‍ നടപടി സ്വീകരിച്ചിരുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലായ പ്രസ്തുത നാല് റീച്ചുകള്‍ക്കുമാണ് എസ്.എഫ്.സി അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നീലേശ്വരം റെയില്‍ ഓവര്‍ ബ്രിഡ്ജ്, കഴക്കൂട്ടം മേല്‍പ്പാലം, മൂരാട്, പാലോളി പാലങ്ങള്‍ എന്നിവ സ്റ്റാന്‍റ് എലോണ്‍ പ്രോജക്ടുകളായി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ 24 നു ചേര്‍ന്ന എസ്.എഫ്.സി അംഗീകാരം നല്‍കിയ തളിപ്പറമ്പ് – മുഴുപ്പിലങ്ങാട് റീച്ചിനു സിവില്‍ പ്രവൃത്തിക്കു 1428.94 കോടി രൂപയും സ്ഥലമെടുപ്പിനു 1234.80 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ടെണ്ടര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ക്ഷണിച്ചതായും, അതിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചിട്ടുണ്ട്. 30 മാസമാണ് പ്രതീക്ഷിത നിര്‍മ്മാണക്കാലാവധി. ഇതില്‍ ഒരു വലിയ പാലവും മൂന്നു ചെറിയ പാലങ്ങളും, 91 കള്‍വര്‍ട്ടുകളും, 5 മേല്‍പ്പാലങ്ങളും, 5 വയഡക്റ്റുകളും ഉള്‍പ്പെടുന്നുണ്ട്. ആകെ റോഡിന്‍റെ നീളം 29.948 കിലോമീറ്ററാണ്. 38.456 കിലോമീറ്റര്‍ സര്‍വ്വീസ് റോഡും സ്ലിപ്പ് റോഡും ഈ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും മന്തി അറിയിച്ചു.
സംസ്ഥാനത്തെ പശ്ചാത്തല വികസനത്തില്‍ ഏറെ പ്രാധാന്യമുള്ള ദേശീയപാത ആറുവരി വികസനം കാലങ്ങളായി തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര മന്ത്രിയുമായി ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടത്തിയതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ദേശീയപാത 66 വികസനം യാഥാര്‍ത്ഥ്യമാകുന്നത്. സ്ഥലമെടുപ്പിന്‍റെ തുകയുടെ 25 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്.
ആ തുക കിഫ്ബി വഴിയാണ് നല്‍കുന്നത്. നടക്കുകയില്ലെന്നു കരുതിയ പല വന്‍കിട പ്രോജക്ടുകളും ഈ സര്‍ക്കാരിന്‍റെ കാലത്തു തന്നെ പൂര്‍ത്തീകരിക്കാനായി എന്നതും, ബാക്കിയുള്ളവ യാഥാര്‍ത്ഥ്യമാക്കാന്‍ ഇച്ഛാശക്തിയോടെ ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റേയും തെളിവാണ് ദേശീയപാത വികസനത്തില്‍ ഉണ്ടായ പുരോഗതിയെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.