തൃപ്രയാർ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം ഉദ്ഘാടനം
സബ് രജിസ്ട്രാർ ഓഫീസുകളിലെ നെറ്റ് വർക്ക്
പ്രശ്‌നം പരിഹരിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
രജിസ്‌ട്രേഷൻ ഓഫീസുകളിലെ ഇന്റർനെറ്റ് തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ബിഎസ്എൻഎൽ ഒപ്ടിക്ക് ഫൈബർ കണക്ഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ മറ്റ് സേവനദാതാക്കളുടെ സാധ്യതകളും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായ 4 സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന 2 കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്രയാർ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടമാണ് ഇപ്പോൾ പുതുക്കി പണിയുന്ന കെട്ടിടങ്ങളിലൊന്ന്. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുളള വകുപ്പെന്ന നിലയിൽ രജിസ്‌ട്രേഷൻ ഓഫീസുകളിൽ സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും അതിനാലാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫീസടക്കാനുളള ഇപിഎസ് സംവിധാനം, രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന അനശ്വര പദ്ധതി. ഇ-സ്റ്റാമ്പിംഗ് തുടങ്ങിയ നടപ്പിലാക്കിയത് ഇതിന്റെ ഭാഗമായാണ്. സർവ്വറുകളുടെ ശേഷി കൂട്ടുകയും പുതിയ സർവറുകൾ വാങ്ങുകയും ചെയ്തു. രജിസ്‌ട്രേഷൻ വകുപ്പിന്റെ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആധുനികരണം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രജിസ്‌ട്രേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി മൂന്ന് രജിസ്‌ട്രേഷൻ കോംപ്ലക്‌സുകൾ ഉൾപ്പെടെ 51 ഓഫീസുകൾക്കാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതെന്നും വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരിടപെടലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.
ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുളള തൃപ്രയാർ സബ് രജിസ്ട്രാർ ഓഫീസിന് കെട്ടിടം പണിയാൻ 1.18 കോടി രൂപയുടെ ഭരണാനുമതിയാണുളളത്. റെക്കോർഡ് റൂം കോൺഫറൻസ് ഹാളും ഉൾപ്പെടെ 529.64 ചതുരശ്ര മീറ്ററിൽ രണ്ട് നിലകെട്ടിടമാണ് പണിയുക. പണി ഒരു വർഷം കൊണ്ട് പൂർത്തിയാകും.
കെട്ടിടത്തിന്റെ തറക്കല്ലിടൽ ഫലകം ഗീത ഗോപി എംഎൽഎ അനാച്ഛാദനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് പി വിനു, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ്, വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈൻ പരിപാടിയിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിംഗ് സ്വാഗതവും രജിസ്‌ട്രേഷൻ ഐജി കെ ഇമ്പാശേഖർ നന്ദിയും പറഞ്ഞു. പ്രാദേശിക പരിപാടിയിൽ ജില്ലാ രജിസ്ട്രാർ സി പി വിൻസെന്റ് നന്ദി പറഞ്ഞു.