കണ്ണൂര്‍ ജില്ലിയിലെ തലശ്ശേരി – കളറോഡ്, കളറോഡ് – വളവുപാറ എന്നീ കെ.എസ്.ടി.പി പ്രവൃത്തികള്‍ പുനഃരാരംഭിച്ചുവെന്നും, ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കളറോഡ് – വളവുപാറ പ്രവൃത്തിയിലെ കൂട്ടുപുഴ പാലത്തിന്‍റെ ഒരു വശം കര്‍ണ്ണാടക അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്നതാണ്. എന്നാല്‍ അവിടത്തെ വനം വകുപ്പിന്‍റെ അനുമതി ലഭിക്കാന്‍ മൂന്നു വര്‍ഷത്തിലധികം കാലതാമസം നേരിട്ടു. കേരള സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും, അനുമതി ലഭിക്കുകയുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി കത്തെഴുതുകയും ഉദ്യോഗസ്ഥതലത്തിലെ നിരന്തര സമ്മര്‍ദ്ദവും നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചത്. കര്‍ണ്ണാടക സര്‍ക്കാരിന്‍റെ അനുവാദത്തോടെ കേന്ദ്ര സര്‍ക്കാരിന്‍റെ വനം-വന്യജീവി വകുപ്പിന്‍റെ 57-ാമത് സ്റ്റാന്‍റിംഗ് കമ്മിറ്റി അനുമതി നല്‍കുകയാണുണ്ടായത് എന്നു മന്ത്രി അറിയിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പാലത്തിന്‍റെ പണി ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ കരാര്‍ കമ്പനിക്കു കെ.എസ്.ടി.പി നിര്‍ദ്ദേശം നല്‍കുകയും പ്രവൃത്തി വീണ്ടും തുടങ്ങുകയും ചെയ്തിട്ടുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രവൃത്തി പൂര്‍ണ്ണതോതില്‍ നിര്‍വ്വഹണം നടത്തുന്നതിനു തടസ്സങ്ങള്‍ ഉണ്ടെങ്കിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.