Project to strengthen women's participation in tourism

വനിതാ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്ക് 4 ശതമാനം പലിശ സബ്സിഡി നൽകാൻ സർക്കാർ തീരുമാനം

ടൂറിസത്തിൽ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി

ടൂറിസം മേഖലയിൽ വനിതകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നൽകാൻ സർക്കാർ തീരുമാനം. ടൂറിസം മേഖലയിൽ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ നൽകുന്ന വായ്പകൾക്ക് സബ്സിഡി നൽകാൻ തീരുമാനിച്ചത്. ഇൻററസ്റ്റ് സബ് വെൻഷൻ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി.

നിലവിൽ കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ (കെആർടിഎംഎസ്) രജിസ്റ്റർ ചെയ്തവർക്കും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും ടൂറിസം സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നൽകുന്നത്.

വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് 4 ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയിൽ പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ, ജനറൽ വിഭാഗക്കാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കും 4 ശതമാനം സബ്സിഡി ലഭിക്കും.

വിനോദസഞ്ചാര വകുപ്പിൻറെ കീഴിലുള്ള കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി. കേരള വനിതാ വികസന കോർപ്പറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിൻറെ ടൂറിസം മേഖലയിൽ കൂടുതൽ വനിതാ സംരംഭകർക്ക് കടന്നുവരാൻ ഈ പദ്ധതി പ്രോത്സാഹനമാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയിൽ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആരംഭിച്ച് കേരളം രാജ്യത്തിന് മാതൃക സൃഷ്ടിച്ചിട്ടുണ്ട്. 2025-26 സാമ്പത്തികവർഷം കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിക്കായി സംസ്ഥാന ബജറ്റിൽ അനുവദിച്ചിരിക്കുന്ന തുകയിൽ 50% സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കായിട്ടാണ്. സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി മികച്ച ടൂറിസം ശൃംഖല സൃഷ്ടിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ ടൂർ ഓപ്പറേറ്റർമാർ, ഹോം സ്റ്റേ നടത്തിപ്പുകാർ, ടാക്സി ഓടിക്കുന്നവർ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കെആർടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാർ പറഞ്ഞു. എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം മാതൃക ശക്തിപ്പെടുത്തുന്നതിൽ ആർടി മിഷൻ നിർണായക പങ്ക് വഹിക്കുന്നുണ്ട്, ഇത് പ്രാദേശിക സമൂഹങ്ങളെയും സാമൂഹികമായും സാമ്പത്തികമായും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ വനിതകളെ മേഖലയിലേക്ക് ആകർഷിക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇത് കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ ശാക്തീകരണ പ്രവർത്തനത്തിന് കൂടുതൽ ശക്തി പകരും.