Government allocates Rs 6 crore for eco-friendly measures, training for responsible tourism

പരിസ്ഥിതി സൗഹൃദ നടപടികള്‍, പരിശീലനം; ഉത്തരവാദിത്ത ടൂറിസത്തിന് ആറ് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്ക്കരണം, വിവിധ ആര്‍ടി സൊസൈറ്റികള്‍ക്കുള്ള പരിശീലനം തുടങ്ങിയ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 6.01 കോടി രൂപയുടെ അനുമതി നല്‍കി. ഹോംസ്റ്റേകളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍, കാര്‍ബണ്‍ ന്യൂട്രല്‍ പാക്കേജുകള്‍, പരിശീലന പരിപാടികള്‍, പരസ്യപ്രചാരണം തുടങ്ങിയവയ്ക്കാണ് നാല് സര്‍ക്കാര്‍ ഉത്തരവുകളിലായി തുക അനുവദിച്ചത്.

ഉത്തരവാദിത്ത ടൂറിസത്തെ ശക്തിപ്പെടുത്തുകയെന്നത് സര്‍ക്കാരിന്‍റെ സുപ്രധാന നയമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തിന്‍റെ പ്രശസ്തി രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിയ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ വിവിധ പദ്ധതികള്‍ക്ക് തുകയനുവദിച്ചതിലൂടെ ഈ മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം കൈവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വനിതകള്‍ നയിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ബയോഗ്യാസ് പ്ലാന്‍റ് നല്‍കും. തുടക്കത്തില്‍ ജില്ലയില്‍ ഒരു ഹോംസ്റ്റേയ്ക്കാണ് പദ്ധതി അനുവദിക്കുന്നത്. ഇതിനു പുറമെ ഓരോ ജില്ലയില്‍ നിന്നും ഓരോ എക്സ്പീരിയന്‍സ് എത്തിനിക് ക്യുസീന്‍, അഗ്രി ടൂറിസം യൂണിറ്റുകള്‍ക്ക് രണ്ട് വീതം മാലിന്യസംസ്ക്കരണ പ്ലാന്‍റുകള്‍ അനുവദിക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ പാക്കേജുകള്‍ നടപ്പാക്കാന്‍ ആര്‍ടി മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഞ്ച് കയാക്കിംഗ് യൂണിറ്റുകള്‍ക്ക് 40,000 രൂപ വീതവും ധനസഹായം നല്‍കും. പാരിസ്ഥിതിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റ് പരിപാടികള്‍ക്കായി കേരള ഡിജിറ്റല്‍ സയന്‍സ് ഇനോവേഷന്‍ ആന്‍ഡ് ടെക്നോളജി സമര്‍പ്പിച്ച ശുപാര്‍ശ നടപ്പാക്കാനും തുക അനുവദിച്ചിട്ടുണ്ട്. പാരിസ്ഥിതിക പദ്ധതികള്‍ നടപ്പാക്കാന്‍ മൊത്തം 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

വിവിധ ആര്‍ടി മിഷന്‍ സൊസൈറ്റികള്‍ക്ക് കീഴിലുള്ള യൂണിറ്റുകള്‍ക്ക് വിവിധ പരിശീലന പദ്ധതികള്‍ക്കായി 75 ലക്ഷം രൂപ അനുവദിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, നിര്‍മ്മിത ബുദ്ധി എന്നിവ ടൂറിസം മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശീലനം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം പദ്ധതികളെക്കുറിച്ചുള്ള പരിശീലനം, പ്ലസ് വണ്‍, പ്ലസ് ടു, കോളേജ് എന്നിവിടങ്ങളിലെ പഠനയാത്രകള്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി കേന്ദ്രങ്ങളിലേക്ക് നടത്തുന്നതിനും ഈ പദ്ധതിയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമുള്ള ശില്‍പശാലകള്‍, ആദിവാസി സമൂഹത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളും പൊതു ടൂറിസം പ്രവര്‍ത്തനങ്ങളും വഴി ബന്ധിപ്പിക്കുന്നതിനായി അതിരപ്പള്ളി മേഖലയില്‍ പ്രത്യേക പരിശീലന പരിപാടി, ആര്‍ടി മിഷന്‍ സൊസൈറ്റി പരിശീലന കേന്ദ്രം, വിവിധ പരിശീലനങ്ങള്‍, ഡിജിറ്റല്‍ പരിശീലന പരിപാടി എന്നിവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ആര്‍ടി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രധാനപ്പെട്ട പ്രാദേശിക ഇടപെടലുകളായ സ്ട്രീറ്റ്, പെപ്പര്‍, മാതൃകാ ടൂറിസം ഗ്രാമങ്ങള്‍ എന്നീ പദ്ധതി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനായി സാംസ്ക്കാരിക പരിപാടി സംഘടിപ്പിക്കുന്നതിനും നയരൂപീകരണത്തിനുമായി 76 ലക്ഷം രൂപ അനുവദിച്ചു. സാംസ്ക്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും അതിനു വേണ്ടിയുള്ള നയരൂപീകരണത്തിനുള്ള പരിശീലനപരിപാടിയും ഇതിലൂടെ സംഘടിപ്പിക്കും. ആഗോള ആര്‍ടി സമൂഹങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത് നടത്താനുദ്ദേശിക്കുന്നത്.

ഇതിനു പുറമെ ആര്‍ടി മിഷന്‍ സൊസൈറ്റിയുടെ പ്രചാരണത്തിനും മാര്‍ക്കറ്റിംഗിനുമായി രണ്ട് കോടി രൂപയും പ്രവര്‍ത്തനചെലവുകള്‍ക്കായി രണ്ട് കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.