Administrative sanction of Rs 75 lakhs for the 7th edition of MTB Kerala

എംടിബി കേരള ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി

സാഹസിക കായിക വിനോദങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറാന്‍ കേരളത്തിന് മികച്ച സാധ്യത

മൗണ്ടന്‍ സൈക്ലിങ് മത്സരങ്ങളുടെ ആഗോള ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ഇന്‍റര്‍നാഷണല്‍ മൗണ്ടന്‍ ബൈക്കിങ് ചലഞ്ച് (എംടിബി കേരള 2025-26) ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന എംടിബി വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ പ്ലാന്‍റേഷനിലാണ് നടക്കുക. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍, വിദേശ സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കും.

താരങ്ങളുടെ യാത്രച്ചെലവ്, താമസം, സമ്മാനത്തുക, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെയുള്ള ചാമ്പ്യന്‍ഷിപ്പിന്‍റെ നടത്തിപ്പിനായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്. യൂണിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷണല്‍ (യുസിഐ), സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സിഎഫ്ഐ) എന്നിവയുടെ സഹകരണത്തോടെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്), വയനാട് ഡിടിപിസി എന്നിവയുടെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

സാഹസിക കായിക വിനോദങ്ങളുടെ ലക്ഷ്യസ്ഥാനമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ടെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സാഹസിക വിനോദസഞ്ചാരം ഇപ്പോള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നണെന്നും മന്ത്രി പറഞ്ഞു.
എംടിബി കേരളയുടെ മത്സരം നടക്കുന്ന അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള ട്രാക്ക് 3000 അടി ഉയരത്തിലാണ്. ചെളിയും പാറയും വെള്ളവും പോലെയുള്ള ഭൂപ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്ന ക്രോസ് കണ്‍ട്രി മത്സരവിഭാഗം ചാമ്പ്യന്‍ഷിപ്പിലെ പ്രധാന ആകര്‍ഷണമാണ്. നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിസ്റ്റുകളെയാണ് ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ ഇന്ത്യയില്‍ നിന്നുള്ള സൈക്ലിസ്റ്റുകളുടെ അമേച്വര്‍ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിലെ വിജയികളെ എംടിബി കേരള അന്താരാഷ്ട്ര മത്സരത്തില്‍ വിദേശ താരങ്ങളോടൊപ്പം മത്സരിപ്പിക്കും.

സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായ സ്പോര്‍ട്സ് സൈക്ലിങ്ങിന്‍റെ ഭരണസമിതിയായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ എംടിബി ചാമ്പ്യന്‍ഷിപ്പ് കലണ്ടറില്‍ എംടിബി കേരള ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് മെന്‍), നാഷണല്‍ ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് മെന്‍), നാഷണല്‍ ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് വിമന്‍), ഇന്‍റര്‍മീഡിയേറ്റ് ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് മെന്‍), ഇന്‍റര്‍മീഡിയേറ്റ് ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് വിമന്‍) എന്നിവയാണ് മത്സര വിഭാഗങ്ങള്‍.